വ്യോമപാത അടച്ചതോടെ ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രത്യേക സര്‍വീസുമായി കൂടുതല്‍ വിമാന കമ്പനികള്‍. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടിയന്തര സര്‍വിസുകള്‍ക്ക് ഭാഗികമായി തുടക്കമിട്ടതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈനുകളും പരിമിതമായ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യുഎഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെയാണ് കൂടുതല്‍ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ വഴിയൊരുങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും പരിമിതമായ സര്‍വിസുകള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസസ് നാളെ മുതല്‍ ഏഴ് വരെ റാസല്‍ഖൈമയില്‍ നിന്നും തിരിച്ചും ഡല്‍ഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്കും പ്രത്യേക സര്‍വിസുകള്‍ നടത്തും.



