എയർ ഹോസ്റ്റസായ യുവതിയോട് വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയതിന് ഇന്ത്യക്കാരനെതിരെ സിംഗപ്പൂരിൽ കേസ്. ആകാശ് തിവാരി എന്ന 36-കാരനെതിരെയാണ് സിംഗപ്പൂർ പോലീസ് കേസെടുത്തത്. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനത്തിൽ ഫെബ്രുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചതായി സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസായ യുവതി ആകാശ് തിവാരിയുടെ സീറ്റിന് സമീപമെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നു. ഈ സമയം ആകാശ് തിവാരി യുവതിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു. അരുതെന്ന് യുവതി ഇയാൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ലാൻഡിങ്ങിന് മുന്നൊരുക്കങ്ങൾ നടത്താൻ പോകവേ യുവതിയോട് ആകാശ് വീണ്ടും മോശമായി പെരുമാറി. ഇതോടെ എയർ ഹോസ്റ്റസ് ഉറക്കെ ശബ്ദമുണ്ടാക്കുകയും അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തു. എന്നാൽ തിവാരി വീണ്ടും യുവതിയെ പിന്തുടരുകയും പിന്നീട് സ്വന്തം സീറ്റിലേക്ക് പോയി ഇരിക്കുകയും ചെയ്തു. എയർ ഹോസ്റ്റസ് ഉടൻ തന്നെ സംഭവം സൂപ്പർ വൈസറെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ ആകാശ് തിവാരിയെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ ചൊവ്വാഴ്ച തിവാരിക്കെതിരായ കുറ്റപത്രം പോലീസ് സമർപ്പിച്ചു. എന്നാൽ താൻ കുറ്റക്കാരനല്ലെന്ന് ആകാശ് തിവാരി കോടതിയിൽ പറഞ്ഞു. കേസിൽ ഉടൻ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറ്റം തെളിഞ്ഞാൽ സിംഗപ്പൂർ നിയമപ്രകാരം മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടി ഒന്നിച്ചോ ഇയാൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.



