ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ് വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
2025 ആഗസ്റ്റിൽ ആരംഭിച്ചത് മുതൽ 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഫസ്റ്റാഗ് വാർഷിക പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏപ്രിൽ ഒന്നിന് മുമ്പായി പാസ് എടുക്കുന്നവർക്ക് പഴയ നിരക്കായ 3,000 രൂപയ്ക്ക് തന്നെ ഇത് സ്വന്തമാക്കാവുന്നതാണ്. അധിക ചിലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തിനുള്ളിൽത്തന്നെ പുതുക്കൽ നടപടികൾ പൂർത്തിയാക്കാം.



