കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്ന് നടൻ സലിം കുമാർ. യുഡിഎഫ് പ്രചാരണ വേദിയിൽ സംസാരിക്കവേയാണ് സലിം കുമാർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനങ്ങൾ തൊടുത്തുവിട്ടത്. വി.ഡി. സതീശനെ വെല്ലുവിളിച്ചാൽ മുഖ്യമന്ത്രിയെക്കൊണ്ട് മൂക്ക് കൊണ്ട് ‘ഋതിക് റോഷൻ’ എന്ന് എഴുതിക്കുമെന്നും, നേരത്തെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെക്കൊണ്ട് ‘ധൃതരാഷ്ട്രർ’ എന്ന് എഴുതിച്ച ആളാണ് സതീശനെന്നും സലിം കുമാർ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു എന്ന പേരിൽ തനിക്കെതിരെ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നും സലിം കുമാർ വ്യക്തമാക്കി. തന്നെ രാഷ്ട്രീയ പ്രചാരണത്തിൽ നിന്ന് വിലക്കാനാണ് പരാതിക്കാരുടെ ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു. താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കളിയാക്കിയിട്ടില്ല. ‘ഊളംപാറ’ എന്ന പേരിൽ ഒരു ആശുപത്രി നിലവിലില്ല. തന്റെ പ്രസംഗത്തിലുള്ള അമേരിക്കയിൽ നിന്നും വന്ന പയ്യനും, വ്യവസായിയും സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണ്. മുഖ്യമന്ത്രി ആ രണ്ടുപേരുടെയും അഡ്രസ് നൽകിയാൽ താൻ അവരുടെ കാൽ പിടിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



