മോതിഹാരി: മദ്യനിരോധനം നിലവിലുള്ള ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. മോത്തിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ പ്രദേശങ്ങളിലുണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ഈസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്ട്രേറ്റ് സൗരഭ് ജോർവാൾ പറഞ്ഞു.
മരിച്ചയാളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും ഏഴ് പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി പോലീസ് സൂപ്രണ്ട് സ്വർണ് പ്രഭാത് പറഞ്ഞു. രഘുനാഥ്പൂർ പ്രദേശത്ത് ആദ്യം മരിച്ചയാൾ അനധികൃത മദ്യം കഴിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
“മദ്യ വിതരണക്കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഉടൻ തന്നെ അയാൾ പിടിയിലാകും. ജില്ലാ പോലീസും മദ്യവിരുദ്ധ ടാസ്‌ക് ഫോഴ്‌സും (ALTF) ഉൾപ്പെടുന്ന സംഘം പർസൗണി, മുഷ്ഹാരി തോല, തുർകൗലിയ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്,” പ്രഭാത് വ്യാഴാഴ്ച പറഞ്ഞു.
ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് തുറ്‍കൗലിയ സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) ഉടനടി സസ്പെന്റ് ചെയ്തു. സംഭവം ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സർക്കാരിന്റെ മദ്യനിരോധന നിയമം വെറും പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു



