ബിഹാർ: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദേശിയപാത 31 ൽ ശനിയാഴ്ച വൈകീട്ടാണ് അപകടം. കോർഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബസ്ഗർഹ ഗ്രാമത്തിന് സമീപമാണ് സംഭവം.
ജാർഖണ്ഡിൽ നിന്ന് കതിഹാറിലെ വീടുകളിലേക്ക് വരികയായിരുന്ന തൊഴിലാളികളാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഏഴു പേർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആറു പേർ മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടേയും ആരോഗ്യ നില ഗുരുതരമാണ്. മരണ നിരക്ക് കൂടിയേക്കാം എന്ന് പൊലീസ് അറിയിച്ചു. 35 മുതൽ 40 വരെ ആളുകൾ പിക്കപ്പ് വാനിൽ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.



