Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംബന്ധിച്ച് ആശങ്കകൾ ഉയർത്തി ചൈനീസ് ക്രെയിനുകളുടെ സാന്നിധ്യം

സംബന്ധിച്ച് ആശങ്കകൾ ഉയർത്തി ചൈനീസ് ക്രെയിനുകളുടെ സാന്നിധ്യം

വിഴിഞ്ഞം, കൊച്ചി എന്നിവയടക്കം രാജ്യത്തെ പല തുറമുഖങ്ങളുടേയും സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ഉയർത്തി ചൈനീസ് ക്രെയിനുകളുടെ സാന്നിധ്യം. ഈ തുറമുഖങ്ങളിൽ കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്ന ക്രെയിനുകൾ കൂടുതലും ചൈനീസ് കമ്പനിയായ ഷാങ്ഹായ് ഷെൻഹുവ ഹെവി ഇൻഡസ്ട്രീസ് കമ്പനി ആണ് നിർമ്മിച്ചിരിക്കുന്നത്. സെഡ്പിഎംസി കമ്പനി  ചൈനീസ് സർക്കാരിൻ്റെ നിയന്ത്രണത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

ചാരപ്രവർത്തനത്തിനോ തുറമുഖങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനോ  ഈ ക്രെയിനുകൾ ഉപയോഗിക്കാമെന്ന് യുഎസ് അധികൃതർ നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തി. ഈ ആരോപണങ്ങൾ സെഡ്പിഎംസി തള്ളിയെങ്കിലും അന്വേഷണം ഇപ്പോഴും തുടരുകയാണ്. 

ചൈനീസ് ഹാക്കർമാർക്ക് തങ്ങളുടെ തുറമുഖങ്ങളെ ആക്രമിക്കാൻ കഴിയുമെന്ന സംശയം കാരണം ക്രെയിനുകൾ അടക്കമുള്ളവയ്ക്ക്  ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ, യുഎസ് പ്രസിഡൻ്റ് അടുത്ത 5 വർഷത്തിനുള്ളിൽ പോർട്ട് സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ഇതനുസരിച്ച്, അമേരിക്കയിൽ തന്നെ ക്രെയിനുകൾ നിർമ്മിക്കുന്നതിലും ശ്രദ്ധ ചെലുത്തും.

ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള തുറമുഖങ്ങളിലെ  ഉപകരണങ്ങളിൽ ചൈനീസ് കമ്പനിയായ  സെഡ്പിഎംസി ആധിപത്യം പുലർത്തുന്നു എന്നതാണ്  ആശങ്ക. കമ്പനിക്ക് ആഗോളതലത്തിലും ഇന്ത്യയിലും  75-80% വിപണിയുണ്ട് . 2020 ലെ കണക്കനുസരിച്ച് രാജ്യത്തെ  നിരവധി തുറമുഖങ്ങളിൽ 250-ലധികം ക്രെയിനുകൾ സെഡ്പിഎംസി വിന്യസിച്ചിട്ടുണ്ട്. 

2020-ൽ, ദേശീയ സുരക്ഷ കണക്കിലെടുത്ത്, ചൈനയുമായുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഇടപാടുകൾക്ക് ഇന്ത്യ കർശന നിയന്ത്രണപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പ്രകാരം, സർക്കാർ ടെണ്ടറുകൾ ലഭിക്കുന്നതിന് ചൈനീസ് കമ്പനികൾ കർശനമായ രജിസ്ട്രേഷനും അംഗീകാര പ്രക്രിയയും നടത്തണം. എന്നാൽ ഈ നിരോധനം പൂർണമായി ഫലപ്രദമായില്ല എന്നുള്ളതാണ് സെഡ്പിഎംസിയുടെ രാജ്യത്തെ സാന്നിധ്യത്തോടെ വ്യക്തമാകുന്നത്. കമ്പനിയുടെ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം 2020 ജൂലൈയ്ക്ക് ശേഷവും കുറഞ്ഞത് 29 ക്രെയിനുകളെങ്കിലും ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് അയച്ചിട്ടുണ്ട് . ഇതിൽ 11 എണ്ണം അദാനി ഗ്രൂപ്പിൻ്റെ  തുറമുഖ പദ്ധതിക്കായിരുന്നു. 2020ൽ ഏർപ്പെടുത്തിയ  നിയന്ത്രണം സർക്കാർ സ്ഥാപനങ്ങളുടെ വാങ്ങലുകൾക്ക് മാത്രമേ ബാധകമാകൂ, സ്വകാര്യ കമ്പനികൾക്ക് ഇപ്പോഴും ചൈനയിൽ നിന്ന് സാധനങ്ങൾ വാങ്ങാം. 

2020 മുതൽ അയച്ച  ക്രെയിനുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകൾ ഉണ്ട്. സെഡ്പിഎംസിയുടെ  ഇന്ത്യൻ ഉപ കമ്പനിയുടെ  വെബ്‌സൈറ്റിൽ വിവരങ്ങളൊന്നും ലഭ്യമല്ല, എന്നാൽ സോഷ്യൽ മീഡിയയിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2021 ഫെബ്രുവരി മുതൽ 2023 ഓഗസ്റ്റ് വരെ ഇന്ത്യയിൽ 45 ക്രെയിനുകൾ ചൈനീസ് കമ്പനി വിന്യസിച്ചിട്ടുണ്ട്.

ഇതിൽ 20 എണ്ണം എപിഎം ടെർമിനൽസ് മുംബൈയിലേക്കും 20 എണ്ണം അദാനി ഗ്രൂപ്പിൻ്റെ വിവിധ തുറമുഖങ്ങളിലേക്കും പോയി. ശേഷിക്കുന്ന ക്രെയിനുകൾ ജിടിഐ മുംബൈ, വിശാഖപട്ടണം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. മൊത്തത്തിൽ, ഈ കണക്കുകൾ കാണിക്കുന്നത് ഗവൺമെൻ്റ് നിയന്ത്രണങ്ങൾക്കിടയിലും, ചൈനീസ് കമ്പനി ഇന്ത്യയിൽ ശക്തമായ നിലയിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ്.

സെഡ്പിഎംസി ക്രെയിനുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന ചോദ്യങ്ങൾ രാജ്യസഭയിൽ ഉയർന്നിരുന്നു. തുറമുഖ ഉപകരണങ്ങളിൽ കമ്പനിയുടെ  ആധിപത്യം സർക്കാരിന് അറിയാമോ എന്നതാണ് ആദ്യത്തേത്. ഈ ക്രെയിനുകൾക്ക് നിരീക്ഷണ സെൻസറുകൾ ഉണ്ടാകുമോ, അങ്ങനെയാണെങ്കിൽ, സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നും രാജ്യസഭയിൽ ചോദ്യം ഉയർന്നു . 

നിയമങ്ങൾക്കനുസൃതമായി സ്വകാര്യ തുറമുഖങ്ങളിലേക്കാണ്  ചൈനീസ് കമ്പനിയുടെ ക്രെയിനുകൾ  പോകുന്നത് എന്നതായിരുന്നു സർക്കാരിന്റെ പ്രതികരണം. സെഡ്പിഎംസി ക്രെയിനുകളിൽ മോണിറ്ററിംഗ് സെൻസറുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല എന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം അമേരിക്കയിൽ നടത്തിയ അന്വേഷണത്തിൽ ചൈനീസ് കമ്പനിയുടെ ക്രെയിനുകളിൽ ആശയവിനിമയ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇത് രേഖകൾ ഇല്ലാതെയാണെന്നും കണ്ടെത്തി. ഈ ഉപകരണങ്ങൾ വഴി ഡാറ്റകൾ മോഷ്ടിക്കാനും ചാരവൃത്തി നടത്താൻ സാധ്യതയുണ്ടെന്നും അമേരിക്ക കണ്ടെത്തി. അമേരിക്കയിലെ 200-ലധികം ചൈനീസ് നിർമ്മിത ക്രെയിനുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്രെയിനുകൾ വിദൂരമായി നിയന്ത്രിക്കാൻ സാധിക്കുന്നവയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments