തിരുവനന്തപുരം : സോളാർ കേസിൽ ആശങ്കയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി. സത്യം ജയിക്കും സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ല എന്ന് വിശ്വാസമുണ്ടായിരുന്നു. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെ കുറിച്ച് നീതിബോധമുള്ള ജനങ്ങൾ ചിന്തിക്കും. അന്വേഷണ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ജർമനിയിലെ ചികിത്സയും ബെംഗളുരുവിലെ വിശ്രമവും കഴിഞ്ഞ് ഉമ്മൻചാണ്ടി കേരളത്തിലേക്ക് തിരിച്ചെത്തി. സോളാർ പീഡന കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
നേരത്തെ കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവരെയും വിവിധ കേസുകളിൽ കുറ്റവിമുക്തരാക്കിയായിയിരുന്നു സിബിഐ റിപ്പോർട്ട്. കെ സി വേണുഗോപാലിനെതിരെ വ്യാജതെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേസെടുക്കാൻ കെ സി അര ലക്ഷം രൂപ നൽകിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയുടെ മുൻ മാനേജറുടെ കയ്യിൽ നിന്നും അരലക്ഷം രൂപ കണ്ടെത്തിയിരുന്നു.
വേണുഗോപാലിന്‍റെ സെക്രട്ടറി തന്ന പണമാണെന്നായിരുന്നു ആരോപണം. എന്നാൽ പണം നൽകിയത് പരാതിക്കാരി തന്നെയാണെന്നാണ് സിബിഐ കണ്ടെത്തൽ. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവൻ വാദങ്ങളും ഹാജരാക്കിയ തെളിവുകളും തള്ളിയാണ് സിബിഐ റിപ്പോർട്ടുകൾ. പരാതിക്കാരിയെ പൂർണ്ണമായും വിശ്വസിച്ച് കേസ് സിബിഐക്ക് വിട്ട സർക്കാറിനും ഇത് വൻതിരിച്ചടി. ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം. എന്നാൽ മറ്റ് കേസുകളിൽ സിബിഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി അറിയിച്ചു.