പട്ന• മധ്യപ്രദേശ് പൊലീസിനു പറ്റിയ അബദ്ധം കാരണം ആയുധം വാങ്ങൽ കേസിൽ പ്രതിയായി ആർജെഡി അധ്യക്ഷൻ ലാലു യാദവ്. ഗ്വാളിയറിലെ കോടതിയിൽ കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ആളു മാറിയെന്നു തിരിച്ചറിഞ്ഞത്. 1998 ൽ ഗ്വാളിയർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിഹാർ സ്വദേശി ലാലു പ്രസാദ് യാദവ് എന്നയാളെ അനധികൃതമായി ആയുധം വാങ്ങിയെന്ന കേസിൽ പ്രതി ചേർത്തിരുന്നു.
അക്കാലത്ത് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. പൊലീസ് രേഖകൾ പ്രകാരം പ്രതി 25 വർഷമായി ഒളിവിലാണ്. ആർജെഡി അധ്യക്ഷൻ ലാലു യാദവാണു പ്രതിയെന്ന ധാരണയിൽ എംപിമാരെയും എംഎൽഎമാരെയും വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതിയിലേക്കു മാറ്റിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്.
കേസിലെ 22 പ്രതികളിൽ 6 പേർക്കെതിരെ വിചാരണ നടക്കുന്നുണ്ട്. 14 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതിൽ ലാലു യാദവുമുണ്ട്. 2 പ്രതികൾ മരിച്ചു. ബിഹാർ സ്വദേശി ലാലു പ്രസാദ് യാദവ് എന്നു മാത്രമാണ് കേസ് രേഖകളിൽ. പിതാവിന്റെ പേര് കുന്ദ്രിക സിങ് യാദവ് എന്നും. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ പിതാവിന്റെ പേര് കുന്ദൻ റായി എന്നാണ്.