2018 ഫിഫ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിരോധ താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2022 ഫിഫ ലോകകപ്പിലും ഫ്രാൻസിന്റെ ഫൈനൽ പ്രവേശനത്തിന് ടീമിന്റെ പ്രതിരോധ നിരയുടെ നേതൃത്വം ഏറ്റെടുത്തതും വരാൻ ആയിരുന്നു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. Raphael Varane announced retirement from international football
ഒരു ദശാബ്ദക്കാലം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം സാമൂഹിക മാധ്യങ്ങളിലൂടെ അറിയിച്ചത്. ഫ്രാൻസിന്റെ നീല ജേഴ്‌സി ധരിക്കുമ്പോഴെല്ലാം അഭിമാനം തോന്നുന്നവെന്നും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും താരം വ്യക്തമാക്കി. കുറിപ്പിൽ ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംസിനോടും സഹതാരങ്ങളോടും ആരധകരോടും താരം നന്ദി പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും ടീമിനെ പിന്തുണച്ച എല്ലാവരോടും താരം സ്നേഹം പ്രകടിപ്പിച്ചു.
2013 ലാണ് റാഫേൽ വരാൻ ഫ്രാൻസിന് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. ഫ്രാൻസിലെ ഹെല്ലമസ് ക്ലബിലൂടെ ഫുട്ബോൾ ജീവിതം തുടങ്ങിയ താരം പിന്നീട് ലെൻസ് ക്ലബ്ബിലേക്ക് ചേക്കേറി. അവിടെ നിന്നാണ് 2011ൽ സ്പാനിഷ് ഭീമന്മാരായ റിയൽ മാഡ്രിഡിലേക്ക് വരാൻ എത്തുന്നത്. പത്തു വർഷം ക്ലബിനൊപ്പം തുടർന്ന നാല് ചാമ്പ്യൻസ് ലീഗ് കിരീടവും മൂന്ന് ലാ ലിഗ കിരീടവും നേടി. 2021ൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറി. ഫ്രാൻസിനൊപ്പം 2018ൽ ഫിഫ ലോകകപ്പും 2021ൽ യുവേഫ നേഷൻസ് ലീഗും നേടിയിട്ടുണ്ട്.