ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിനുമുന്നില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മുട്ടുമടക്കുമെന്നും വെള്ളക്കരം വര്‍ധിപ്പിച്ചതും ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും പിണറായി വിജയന് പിന്‍വലിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് ഇന്ധന സെസ് പിന്‍വലിക്കേണ്ടന്ന നിലപാട് പിണറായി സ്വീകരിക്കുന്നത്. ജനം ബുദ്ധിമുട്ടിയാലും വേണ്ടില്ല, തന്റെ തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന ഏകാധിപത്യ മനോഭാവമാണ് പിണറായിക്ക്. എന്നാല്‍ ജീവിതം വഴിമുട്ടി, നിവര്‍ത്തിയില്ലാതെ പെടാപ്പാടുപെടുന്ന ജനങ്ങളുടെ രോഷം കത്തിപ്പടരുമ്പോള്‍ പിണറായിക്ക് തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാതിരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നാലിരട്ടിയോളമാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്. ജനങ്ങളെ പിഴിഞ്ഞ് കാര്യങ്ങള്‍ നടത്താനാണ് തീരുമാനം. കുടിശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാതെ ജനങ്ങളിലേക്ക് ഭാരം കയറ്റിവെക്കുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ പാവപ്പെട്ടവന്റെ മുഖത്ത് ചെളിവെള്ളം കോരിയൊഴിക്കുകയാണ്. നിയമസഭയില്‍ വിഡ്ഢിത്തം പറഞ്ഞ് പരിഹാസ്യനാകുന്ന മന്ത്രിക്ക് സാധാരണക്കാരന്റെ വികാരങ്ങള്‍ ജനങ്ങള്‍ തന്നെ മനസ്സിലാക്കിക്കൊടുക്കുന്ന സമയം വരും.
സംസ്ഥാന ധനമന്ത്രി ബജറ്റില്‍ എല്ലാമേഖലയിലും നികുതി വര്‍ദ്ധിപ്പിക്കുകയും ഇന്ധന വില കൂട്ടുകയും ചെയ്തപ്പോള്‍ യാതൊരുമുന്നറിയിപ്പുമില്ലാതെയാണ് ജലവിഭവ മന്ത്രി വെള്ളത്തിന്റെ നിരക്ക് കൂട്ടിയത്. വൈദ്യുത മന്ത്രി വൈദ്യുതിയുടെ നിരക്കും വര്‍ധിപ്പിച്ചു. നാടിതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ വിലക്കയറ്റത്തെയാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിനവും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ ജനം വലയുന്നു. കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന പരാതിയാണ് ധനമന്ത്രിക്ക്. കടമെടുത്ത് ധൂര്‍ത്തടിച്ച ശേഷം അത് തിരിച്ചടക്കാനാകാതെ, ഇത്തരത്തില്‍ ജനത്തിനുമേല്‍ അധികഭാരം കയറ്റിവച്ച് എത്രനാള്‍ മുന്നോട്ടുപോകാനാകുമെന്ന് ചിന്തിക്കണം. വെള്ളക്കരം വര്‍ദ്ധനയും ഇന്ധന സെസും പിന്‍വലിക്കുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.