റാന്നി: ആഘോഷപൂർവം നടത്താനിരുന്ന മണ്ണാറക്കുളഞ്ഞി പ്ലാപ്പള്ളി ശബരിമലപാതയുടെ നിർമാണോദ്ഘാടനവും മണിയാർ ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവും വേണ്ടന്നുവെച്ചു. കേന്ദ്ര ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന ശബരിമല പാതയുടെ നിർമാണോദ്ഘാടനത്തിൽനിന്ന് ആന്റോ ആന്റണി എം.പി.യെ പങ്കെടുപ്പിക്കാത്തിനെതിരേ പ്രതിഷേധമുയർന്നതോടെയാണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചത്. മന്ത്രിയുടെ ഓഫീസിൽനിന്ന് ഉണ്ടായ നിർദേശത്തെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. വ്യാഴാഴ്ച വൈകീട്ട് നാലിന് വടശ്ശേരിക്കരയിൽ പൊതുമരാമത്ത് വകു പ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്നായി രുന്നു അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും റാന്നി, കോന്നി എം.എൽ.എ.മാ രുടെയും ചിത്രങ്ങൾ മാത്രമാണ് ഫ്ളക്സ് ബോർഡുകളിലുണ്ടായിരുന്നത്.
ഇടതുസർക്കാർ നേട്ടമായി ചിത്രീകരിച്ച് പരിപാടി നടത്തുന്നതിനെ തിരേ ബി.ജെ.പി.യും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒരുവർഷമായി പണി നടക്കുന്ന റോഡിന്റെ നിർമാണോദ്ഘാടനമാണ് നടത്തുന്നതെന്നും ആക്ഷേപമുയർന്നിരുന്നു.
വേണ്ടരീതിയിൽ ചർച്ചകൾ നടത്താതെ എൽ.ഡി.എഫിന്റെ പേരിൽ നാടാകെ ബോർഡ് വെച്ചതിനെതിരേയും ഘടക കക്ഷിനേതാക്കൾക്കിടയിൽ സംസാരമുണ്ടായിട്ടുണ്ട്. പരിപാടി നടക്കുന്ന വിവരം ആരും അറിയിച്ചിട്ടില്ലെന്നും ഫ്ലെക്സ് അടിച്ച വിവരം അടുത്ത ഇടതുമുന്നണി മണ്ഡലം യോഗത്തിൽ ഉന്നയിക്കുമെന്നും കൺവീനറും സി.പി.ഐ. സംസ്ഥാന കൺട്രോൾ കമ്മിഷനംഗവുമായ എം.വി. വിദ്യാധരൻ പറഞ്ഞു.