ഡിആർഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ കടലിൽ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യൻ നാവിക സേന. തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ച മിസൈൽ അറബിക്കടലിൽ കപ്പലിൽ നിന്നാണ് വികസിപ്പിച്ചത്. കൊൽക്കത്ത ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലാണ് പരീക്ഷത്തിനായി ഉപയോഗിച്ചത്. സ്വയംപര്യാപ്തതയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പരീക്ഷണമെന്ന് നാവിക സേനയുടെ വക്താവ് അറിയിച്ചു.
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ് ബ്രഹ്മോസ് മിസൈലുകൾ. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഈ മിസൈൽ നിർമിച്ചത്. നിലവിൽ മിസൈലിൽ കൂടുതൽ തദ്ദേശീയ നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനായി ഡിആർഡിഒ ഗവേഷണം നടത്തുകയാണ്. നിലവിൽ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യൻ നാവികസേനയും ആൻഡമാൻ നിക്കോബാർ കമാൻഡും സംയുക്തമായി സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കപ്പൽ വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.