ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകളിൽ വൻ വർധനവ്. 430 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. 932 കേസുകളാണ് മാർച്ച് 30 ന് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിൽ 17 ആയപ്പോഴേക്കും 4,976 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സ തേടിയത്. 13,200ലധികം കേസുകളാണ് കഴിഞ്ഞ 19 ദിവസത്തിനിടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 5,297 പേർ ഞായറാഴ്ച മാത്രം ചികിത്സ തേടി.ഡൽഹിയിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടായെങ്കിലും ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം കുറവാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സിനുകൾ എടുക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഡൽഹിയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടാവുമെന്ന് എൽഎൻജെപി ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
മുപ്പതിലധികം മരണമാണ് മാർച്ച് 30 മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 15ന് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച 1,017 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 32.25 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിൽ 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുവരെയായി ഡൽഹിയിൽ 20,24,244 കൊവിഡ് കേസുകളായി ഉയർന്നു. ആകെ മരണസംഖ്യ 26,567 ആയി. ഏപ്രിൽ 12ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ഏഴ് മാസത്തിനിടെ ആദ്യമായാണ് കേസുകളുടെ എണ്ണം 1000 കടന്നത്. ഏതു സാഹചര്യവും നേരിടാൻ സർക്കാർ തയാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.