തിരുവനന്തപുരം∙ വെള്ളായണി കാർഷിക കോളജിലെ വനിതാ ഹോസ്റ്റലിൽ ഒരേ മുറിയില്‍ താമസിച്ചിരുന്ന സഹപാഠിയെ വിദ്യാർഥിനി കസേരയിൽ കെട്ടിവച്ച് തക്കാളിക്കറി ഉണ്ടാക്കിയ പാത്രം കറിയോടെ എടുത്ത് മുഖത്ത് പൊള്ളിക്കാൻ നോക്കിയതായി പൊലീസ് എഫ്ഐആർ. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ വിദ്യാർഥിനി ലോഹിതയെ (22) ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ചികിൽസയിലാണ്. വാക്കു തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്.
ഈ മാസം 18നാണ് മർദനം നടന്നത്. പൊള്ളലേറ്റ ദീപിക നാട്ടിലേക്കു മടങ്ങി ചികിൽസ തേടുകയും പൊള്ളലേറ്റ ഫോട്ടോകൾ കോളജിലേക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടക്കത്തിൽ പരാതി നൽകാൻ തയാറാകാത്ത ദീപിക ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് അവർക്കൊപ്പം കോളജിലെത്തി പരാതി നൽകിയത്. കോളജ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
ഹോസ്റ്റലിലെ റൂമിൽവച്ച് ദീപികയുടെ മൊബൈൽഫോൺ പിടിച്ചു വാങ്ങിയ ലോഹിത തലയുടെ പലഭാഗത്തും ഫോൺ മുറുക്കിപിടിച്ച് ഇടിച്ചതായി എഫ്ഐആറിൽ പറയുന്നു. ദീപികയെ ബലമായി കസേരയിൽ പിടിച്ചിരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടി. തക്കാളിക്കറി ഉണ്ടാക്കിവച്ചിരുന്ന പാത്രം കറിയോടെ എടുത്ത് മുഖത്ത് വയ്ക്കാൻ നോക്കി. തല വെട്ടിച്ചപ്പോൾ കറി ശരീരത്തിന്റെ പലഭാഗത്തും വീണ് ദീപികയ്ക്ക് പൊള്ളലേറ്റു. ലോഹിത ദീപികയുടെ വലത് കൈത്തണ്ടയിൽ പൊള്ളലേൽപ്പിച്ചു.
കറിപാത്രം വീണ്ടും ചൂടാക്കിയശേഷം കഴുത്തിൽ കുത്തിപിടിച്ച് കുനിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷർട്ടിന്റെ പുറകുവശം പൊക്കി മുതുകിൽ പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളിൽ മുളക് പൊടി വിതറി. പൊള്ളലേറ്റ ഭാഗങ്ങളിൽ കൈമുറുക്കി ഇടിച്ചു. കെട്ടഴിച്ചുവിട്ടപ്പോൾ ഉപദ്രവിക്കരുതെന്ന് ദീപിക യാചിച്ചപ്പോൾ ലോഹിത കാൽകൊണ്ട് മുഖത്തടിച്ചു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
കോളജ് നടത്തിയ അന്വേഷണത്തിൽ പ്രതി ലോഹിതയെ കൂടാതെ മലയാളി സഹപാഠി ജിൻസി, ആന്ധ്രയില്‍നിന്നുള്ള മറ്റൊരു സഹപാഠി നിഖിൽ എന്നിവരെ സസ്പെൻഡ് ചെയ്തു. കാര്യങ്ങൾ അറിഞ്ഞിട്ടും അധികൃതരോട് പറയാത്തതിനാണ് സസ്പെൻഡ് ചെയ്തത്. ദീപികയുടെ മാതാവിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കോളജിലെ അവസാനവർഷ ബിഎസ്‌സി (അഗ്രികൾച്ചർ സയൻസ്) വിദ്യാർഥിയാണ് ആന്ധ്രയിലെ ചിറ്റൂർ സ്വദേശി ദീപിക.