മലപ്പുറം: രാഹുൽ ഗാന്ധിയുടെ മുസ്‌ലിം ലീഗ് മതേതരമെന്ന നിരീക്ഷണം അനുഭവത്തിൽ നിന്നുള്ളതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വേങ്ങര എംഎൽഎയുമായ പി. കെ കുഞ്ഞാലിക്കുട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന് വാർത്താകുറിപ്പിലൂടെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലിം ലീഗ് ആണ്. അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്. ഈ വസ്തുത കേരളത്തിലെ ബിജെപിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.