തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ നിർബന്ധിക്കുന്ന തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്. തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിലെ 10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരം, ഡൽഹി, മുംബൈ, അംബാല, ഛണ്ഡിഗഢ്, മധുര, ചെന്നൈ എന്നീ നഗരങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 50 ലക്ഷത്തിലധികം രൂപയും നിർണായക രേഖകളും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
വ്യാജ ജോലി വാഗ്ദാനത്തിൽപ്പെട്ട നിരവധി ഇന്ത്യക്കാർ റഷ്യയിൽ കുടുങ്ങിയതായി പരാതി ഉയർന്നിരുന്നു. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിലെത്തിച്ചത്. തെലങ്കാന, കർണാടക, ഗുജറാത്ത്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കളാണ് യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. വാഗ്നർ ആർമിയിൽ ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടതോടെയാണ് തൊഴിൽ തട്ടിപ്പ് പുറത്തായത്.