Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണം: ജി.സുധാകരൻ

സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണം: ജി.സുധാകരൻ

ആലപ്പുഴ ∙ സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാർട്ടി വളരുന്നതെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സുധാകരൻ. ‘‘അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ?. അങ്ങനെ പാർട്ടി വളരുമെന്നു ചിലർ കരുതുകയാണ്; തെറ്റാണത്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാർട്ടിക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും?

മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയിൽ എങ്ങുമില്ല. മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎൽഎ പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആൾക്കാർക്ക് ഓർമയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. പഴയതു കേൾക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്നു അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും.

രാജ്യത്ത് 12% ആയിരുന്നു കമ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5% ആയി. കേരളത്തിൽ 47% ആണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്നു മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള് കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ തകർത്ത് 20 വർഷക്കാലം എഴുത്തുകാർക്ക് റോയൽറ്റി കൊടുക്കാതിരുന്നത് കോൺഗ്രസുകാരോ ബിജെപിക്കാരോ ആയിരുന്നില്ല. എൽഡിഎഫ് ഭരണകാലത്ത് സാംസ്കാരിക നായകന്മാരായി വിലസി നടന്നവർ ആയിരുന്നു. പിന്നീട് താൻ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ എഴുത്തുകാർക്ക് റോയൽറ്റി മുഴുവൻ കുടിശിക തീർത്ത് കൊടുത്തു. കെട്ടിക്കിടന്ന പുസ്തകങ്ങൾ 50% വില കുറച്ചു വിറ്റു. എഴുത്തുകാർക്ക് റോയൽറ്റി നൽകാൻ പ്രത്യേക അക്കൗണ്ട് തുറന്നു. അതിനെയും ചിലർ വിമർശിച്ചു. കർഷത്തൊഴിലാളിക്ക് പെൻഷൻ വാങ്ങാൻ വരാം. എഴുത്തുകാർക്ക് റോയൽറ്റി വാങ്ങാൻ വരാൻ പാടില്ലെന്നോ? ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ സാംസ്കാരിക ബുദ്ധിജീവികളുടെ കാഴ്ചപ്പാട്.

സംഘത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ നിയമസഭയിൽ ഏറ്റവും പിന്തുണ നൽകി പ്രസംഗിച്ച ആളാണ് മന്ത്രി വി.എൻ.വാസവൻ. വാസവൻ പുസ്തകം വായിക്കുന്ന ആളാണ്. മന്ത്രി പദവി പ്രയോജനപ്പെടുത്തി അദ്ദേഹം സംഘത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ ബജറ്റിൽ പണം ഉൾപ്പെടുത്തണം.സരസ കവി എന്നു പറയുന്നെങ്കിലും മൂലൂർ എസ്.പത്മനാഭപ്പണിക്കർ എഴുതിയതും പറഞ്ഞതുമെല്ലാം സരസമായിരുന്നില്ല. ജാതിപ്പിശാചിന്റെ ആക്രമണത്തിൽ സാഹിത്യ രംഗത്ത് ഏറ്റവും കൂടുതൽ മുറിവേറ്റ ആളാണ് പത്മനാഭപ്പണിക്കർ. അദ്ദേഹം തന്റെ രചനയിലൂടെ തിരിച്ചും മുറിവേൽപിച്ചു. ജാതി ഇപ്പോഴും പൊതുസമൂഹത്തിൽ ചുരുണ്ടുകൂടി കിടക്കുകയാണെന്നും സുധാകരൻ പറഞ്ഞു. സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. ബിച്ചു എക്സ്. മലയിൽ പുസ്തകം സ്വീകരിച്ചു. സെക്രട്ടറി എസ്.സന്തോഷ്കുമാർ, പൂയപ്പിള്ളി തങ്കപ്പൻ, ആലപ്പുഴ മാനേജർ നവീൻ ബി.തോപ്പിൽ, മാർക്കറ്റിങ് മാനേജർ ജി.വിപിൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com