എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്നു
ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വ്യക്തമായ തെളിവുണ്ടെന്നും ഇ.പി ജയരാജൻ കേസ്
കൊടുക്കുമ്പോൾ കൂടുതൽ തെളിവ് പുറത്തു വിടുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.ഇ പി ജയരാജനുമായി തനിക്കു ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആളുകളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് തട്ടാനുള്ള ശ്രമമാണെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.
വൈദേകം-നിരാമയ ബന്ധം നിഷേധിക്കാതിരുന്ന ഇ.പി ജയരാജൻ വൈദേഹത്തിലുള്ള ഭാര്യയുടെ ഓഹരി പിൻവലിക്കാൻ തീരുമാനിച്ചെന്നു ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വൈദേഹം നിരാമയ വിവാദത്തിനു തിരികൊളുത്തിയ പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചായിരുന്നു ഇ പി ജയരാജന്റെ ഇന്നത്തെ പ്രതികരണം. വൈദേഹം-നിരാമയ ബന്ധം അവരോടു തന്നെ ചോദിക്കണം.
വിവാദത്തിൽ പെടാനാവാത്തതിനാൽ ഭാര്യ പി കെ ഇന്ദിരയ്ക്ക് വൈദേഹത്തിലുള്ള ഓഹരികൾ കൈമാറും. ത്രിപുരയിലെ ബിജെപി എംപിയും രാജീവ് ചന്ദ്രശേഖരനും ഇരിക്കുന്ന ചിത്രത്തിൽ തന്റെ ഭാര്യയുടെ തലവെട്ടി ചേർത്തതിന് പിന്നിൽ വി.ഡി സതീശനാണെന്നും അദ്ദേഹം ആരോപിച്ചു.
പിന്നാലെ ഇ പി ജയരാജനെതിരെ നിലപാട് കടുപ്പിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി.ബിസിനസ് ബന്ധമുണ്ടെന്നു ഉറപ്പിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ട്.സിപിഐഎം നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഇ പി ജയരാജനുമായി ബിസിനസ് ഡീൽ ഇല്ലെന്നു ആവർത്തിച്ച രാജീവ് ചന്ദ്രശേഖർ മടിയന്മാരായ രാഷ്ട്രീയക്കാരുടെ ആരോപണങ്ങൾക്ക് പോകാൻ താല്പര്യമില്ലെന്നും പ്രതികരിച്ചു. അതേസമയം ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസ്.വ്യാജ രേഖ ചമയ്ക്കൽ,കലാപ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.