കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയിൽ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത സംഭവത്തിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്. ബി.ജെ.പി ജില്ല പ്രസിഡന്‍റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലത്തിലെ ഉപവരണാധികാരി പി. സുരേഷ് ആണ് നോട്ടീസ് അയച്ചത്.മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാനുണ്ടായ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ, പ്രധാനമന്ത്രിയെ കാണാനുള്ള താൽപര്യം കാരണം കുട്ടികൾ സ്വമേധയാ വന്നതെന്നാണ് സംഭവത്തെ കുറിച്ച് രമേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മോദിയുടെ റോഡ് ഷോയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച മൂന്ന് സ്കൂളുകളിൽ നിന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ വിശദീകരണം തേടി. അതിനിടെ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിൽ ശ്രീ സായ് ബാബ എയ്‌ഡഡ് മിഡിൽ സ്‌കൂൾ മാനേജ്‍മെന്റിനെതിരെ പൊലീസ് കേസെടുത്തു.സ്കൂളിലെ പ്രിൻസിപ്പലിനെതിരെയും വിദ്യാര്‍ഥികൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജ്മെന്റിനോട് മുഖ്യ വിദ്യാഭ്യാസ ഓഫീസർ നിര്‍ദേശം നൽകിയിട്ടുണ്ട്.
മോദിയുടെ റോഡ് ഷോ കാണാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് പ്രകാരമാണ് വന്നതെന്ന് കുട്ടികൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തിൽ പരാതി ഉയർന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചത്. ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്കൂളിലെ 50തോളം വിദ്യാർഥികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകയാണ് എക്സിൽ പോസ്റ്റ് ചെയ്തത്.