അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എഎപി നേതാവും മന്ത്രിയുമായ അതിഷി മർലേന രം​ഗത്ത്

0
141

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എഎപി നേതാവും മന്ത്രിയുമായ അതിഷി മർലേന രം​ഗത്ത്. ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് ഇ ഡി അവസാനിപ്പിക്കണമെന്ന് അതിഷി ആവശ്യപ്പെട്ടു. നിയമം വഴിയാണ് ഇഡി രൂപീകൃതമായിരിക്കുന്നത്. എന്നാൽ ഇഡിക്ക് പിന്നിൽ ഒളിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അതിഷി ആരോപിച്ചു.

‘മോദി ക സബ്സെ ബഡാ ഡർ കെജ്‌രിവാൾ’ എന്ന പേരിൽ എഎപി സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിനും ആരംഭിച്ചു. മാ‍ർച്ച് 21 ന് രാത്രിയിലാണ് ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കെജ്‍രിവാളിനെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലിരിക്കെ ഭരണകാര്യങ്ങളിൽ കെജ്‌രിവാൾ നിർദ്ദേശം നൽകിയെന്ന അതിഷി മർലേനയുടെ അവകാശവാദത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ഇരുന്ന് കെജ്‌രിവാൾ എങ്ങനെ സർക്കാരിന് നിർദേശം നൽകി എന്നാണ് ഇഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ അതിഷിയെ ചോദ്യം ചെയ്തേക്കും. കത്ത് വ്യാജമെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ജയിലില്‍ നിന്നും അരവിന്ദ് കെജ്‌രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം പുറത്ത് വന്നത്.ഭാര്യ സുനിത കെജ്‌രിവാളിനും പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്‌രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയിരിക്കുന്നത്.

എല്ലാദിവസവും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയില്‍ അരമണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളത്. എപിജെ അബ്ദുള്‍കലാം റോഡിലെ ഇ ഡി ആസ്ഥാനത്ത് അറസ്റ്റിലുള്ളവരുമായി അഭിഭാഷകരോ കുടുംബമോ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാണെന്നും ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.’

LEAVE A REPLY

Please enter your comment!
Please enter your name here