തിരുവനന്തപുരം : മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണ്. ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞു. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ദുഃഖവെള്ളി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
‘ഛിദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. ഇത്തരം അനീതികൾക്കെതിരെ ഒരുമിച്ച് പോരാടണം’ – തോമസ് ജെ.നെറ്റോ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് തോമസ് ജെ.നെറ്റോയുടെ പ്രഭാഷണം എന്നതാണ് ശ്രദ്ധേയം.