കര്‍ത്താവിന്റെ തിരുവുത്ഥാനത്തിന്റെ സമാധാനവും സമോഷവും എല്ലാവര്‍ക്കും ആശംസിക്കുന്നു. മിശിഹായുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിന്റെയുംമേലുള്ള സമ്പൂര്‍ണ്ണ വിജയാഘോഷമാണ്. മിശിഹായുടെ ഉത്ഥാനവും അവിടുന്ന് പ്രവര്‍ത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവര്‍ (ജായ്റോസിന്റെ മകള്‍, നായിനിലെ വിധവയുടെ മകറ, ബഥാനിയായിലെ ലാസര്‍) മരണത്തിന്റെ നിയമത്തിന് വീണ്ടും വിധേയരായവരാണ്. ആ പുനരുജ്ജീവനങ്ങള്‍ ഈശോ ജീവന്റെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാല്‍ മിശിഹായുടെ ഉത്ഥാനമാകട്ടെ, മരണത്തിന്റെ മേലുള്ള സമ്പൂര്‍ണ്ണ വിജയവും മര്‍ത്യതയില്‍ നിന്ന് അമര്‍ത്യതയിലേക്കും, മാനുഷികതയില്‍ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂര്‍ണ്ണ രൂപാമരീകരണവുമാണ്. ഉത്ഥാനം ചെയ്ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉത്ഥാന മഹത്വത്തെയാണ്.
നോമ്പിന്റെ 50 ദിവസങ്ങള്‍ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ. ഉത്ഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. സമാധാനം നിങ്ങളോടുകൂടെ എന്നതാണാല്ലോ ഉത്ഥിതന്റെ ആദ്യത്തെ ആശംസ. ഈശോ തന്നെയാണ് യഥാര്‍ത്ഥ സമാധാനം. അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നല്‍കുന്നത്. അതിനാല്‍ ഉത്ഥാനത്തില്‍ വിശ്വസിക്കുകയും ഉത്ഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോള്‍ ഈശോയാകുന്ന യഥാര്‍ത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്.