ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഇനി ദീപ്തമായ ഓർമ.
ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തിക വ്യവസ്ഥയും ജീവിത നിലവാരവുമുള്ള രാജ്യമായി യുഎഇ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരികൂടിയാണ് ഇദ്ദേഹം. യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ മൂത്ത മകനാണ് ശൈഖ് ഖലീഫ. 2004 ൽ പിതാവിന്റെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം യുഎഇയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫക്ക് ആ പേരിട്ടത് ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായിട്ടാണ്.


യുഎഇ ഭരണരംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു എന്നും ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ. 1948ൽ അൽഐനിലെ മുവൈജി കൊട്ടാരത്തിലായിരുന്നു ജനനം. പിതാവ് ശൈഖ് സായിദ് അബൂദബി ഭരണാധികാരി ചുമതലയേറ്റ 1966 മുതൽ ഭരണരംഗത്ത് അദ്ദേഹത്തിന്റെ നിഴൽപോലെ ഖലീഫയുണ്ടായിരുന്നു. അബൂദബി കിഴക്കൻ പ്രവിശ്യയുടെ മേയറായാണ് തുടക്കം. മൂന്ന് വർഷത്തിനകം അബൂദബിയുടെ കിരിടാവകാശിയായി. യുഎഇ എന്ന രാജ്യം രൂപീകരിച്ച ശേഷം അബൂദബി എമിറേറ്റിന്റെ പ്രധാനമന്ത്രിയായും പ്രതിരോധമന്ത്രിയായും ധനകാര്യമന്ത്രിയുമായും പ്രവർത്തിച്ചു. 2004 നവംബർ മൂന്നിനാണ് പിതാവിന്റെ മരണത്തെ തുടർന്ന് യുഎഇയുടെ പ്രസിഡന്റായി ചുമതലയേറ്റത്.

യുഎഇ ഭരണതലത്തിൽ സുപ്രധാനമായ തീരുമാനങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു ശൈഖ് ഖലീഫയുടെ ഭരണകാലം. രാജ്യത്തെ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് 50 ശതമാനം പേരും ജനങ്ങൾ തെരഞ്ഞെടുത്തവരാകണം എന്ന തീരുമാനം നടപ്പാക്കിയത് ശൈഖ് ഖലീഫയായിരുന്നു. 2006 ൽ നാഷണൽ കൗൺസലിലേക്ക് ആദ്യ തെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് കൗൺസിലിൽ അമ്പത് ശതമാനം വനിതാ പ്രാതിനിധ്യവും നിർബന്ധമാക്കി.

വായനാ വർഷം, ദാന വർഷം, സായിദ് വർഷം, സഹിഷ്ണുതാ വർഷം തുടങ്ങി പ്രവാസികൾക്ക് കൂടി ഗുണം ലഭിച്ച നിരവധി പദ്ധതികളും ശൈഖ് ഖലീഫയുടേതായിരുന്നു. 2014 ലുണ്ടായ പക്ഷാഘാതത്തെ തുടർന്ന പൊതുപരിപാടികളിൽ അപൂർവമായെങ്കിലും ഭരണതലത്തിൽ സജീവമായിരുന്നു.
സഹവർത്തിത്വത്തിന്റെ സഹിഷ്ണുതയുടെയും മാതൃകാ ഭൂമികയാക്കി ഐക്യ എമിറേറ്റിനെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമാകുന്നത്.
ഓർമകൾക്കു മുന്നിൽ പ്രണാമങ്ങളോടെ ഗ്ലോബൽ ഇന്ത്യൻ ന്യൂസ്