Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയിലുള്ള വിശ്വാസ്യത നശിച്ചെന്ന് ഗവർണർ

മുഖ്യമന്ത്രിയിലുള്ള വിശ്വാസ്യത നശിച്ചെന്ന് ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമശവും സ്വർണക്കടത്തും ആയുധമാക്കി മുഖ്യമന്ത്രിയെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ വീണ്ടും ചോദിച്ചു. തന്‍റെ കത്തിനു മറുപടി തരാൻ 20ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു.

മുഖ്യമന്ത്രിയെയാണോ ദ ഹിന്ദു ദിനപത്രത്തെയാണോ ആരെയാണ് പി.ആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

പി.ആർ ഏജൻസി മുഖേന കിട്ടിയ പരാമർശമാണ് അഭിമുഖത്തിൽ ചേർത്തതെന്ന ദ ഹിന്ദുവിന്‍റെ വിശദീകരണക്കുറിപ്പ്, ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട്, പൊലീസ് വെബ്സൈറ്റിലെ ഡേറ്റ എന്നിവയുൾപ്പെടെ ഉയർത്തിപ്പിടിച്ചാണ് ഗവർണർ വീണ്ടും വിമർശനവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു പറഞ്ഞ ഗവർണർ തന്‍റെ അധികാരം കാണിച്ചുതരാമെന്നും സർക്കാറിന് മുന്നറിയിപ്പായി പറയുന്നു. നിയമസഭയിൽ പ്രതിപക്ഷ ബഹളം ശക്തമാകുന്നതിനിടെയാണ് ഗവർണറും സർക്കാറിനെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തുവന്നത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ കടുത്ത ഭാഷയാണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും മുഖ്യമന്ത്രി പുലര്‍ത്തുന്ന നിശബ്ദതയും നിഷ്‌ക്രിയത്വവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസ്താവനയെക്കുറിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിലെ കാലതാമസവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. ചീഫ് സെക്രട്ടറിയോടു വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് അന്നു തന്നെ വൈകി ഗവര്‍ണര്‍ മറുപടി നല്‍കിയത്.

എന്നാൽ വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്ന് ഗവർണർക്ക് നൽകിയ മറുപടിക്കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും ഗവർണറുടെ കത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശവിരുദ്ധ പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും സ്വർണക്കടത്ത് തടയാൻ ആവശ്യമാ‍യ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. സ്വർണക്കടത്തു തടയലുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്നും അതിനായി ഗവർണർ സമ്മർദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments