
റിയാദ് ∙ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയന്‍റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി അൽഖർജ് മേഖലയിലും റിയാദിന്‍റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി നിസ്വാർത്ഥ സേവനം നടത്തുന്ന നാസറിന്, കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിന്‍റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്.
ഏരിയാ പ്രസിഡന്‍റ് ഷെബി അബ്ദുൾ സലാം അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി ലിപിൻ പശുപതി സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ഫിറോഷ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയിന്‍റ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കെഎംസിസി അൽഖർജ് സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഒഐസിസി പ്രതിനിധി പോൾ പൊറ്റക്കൽ, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, പരിപാടിയുടെ ചെയർമാൻ ഗോപാൽ ചെങ്ങന്നൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഷബി അബ്ദുൽ സലാം നാസർ പൊന്നാനിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വ വിവരണം നൽകി. ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ നാസറിനുള്ള ഉപഹാരം കൈമാറി. സംഘടന ഏൽപ്പിക്കുന്ന ചുമതലകൾ തന്നെകൊണ്ടാവും വിധം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് നാസർ ഉപഹാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.