ന്യൂഡല്‍ഹി: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയ്ക്കടുത്ത് ഇന്ത്യന്‍ പൗരന്‍ കുത്തേറ്റ് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ നിന്നുള്ള ധര്‍മേഷ് കതിരിയ(27) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഒന്റാറിയോയിലെ റോക്ക്ലാന്‍ഡില്‍ താമസിച്ചിരുന്ന ധര്‍മേഷ്, കെട്ടിടത്തിലെ പൊതുവായ അലക്കു മുറിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ അയല്‍ക്കാരന്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 വയസ്സ് തോന്നിക്കുന്ന ഒരാളാണ് ഇതിനു പിന്നിലെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ ഭാര്യയുടെ നിലവിളി കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് കതിരിയയുടെ ഭാര്യ കാനഡയില്‍ എത്തിയത്.
വിദ്യാര്‍ഥിയായി കാനഡയിലെത്തിയ കതിരിയ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.