ദോഹ: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തർ. ഖത്തർ അമീറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ടെലിഫോണിൽ സംസാരിച്ചു. സംഭാഷണത്തിൽ ഖത്തർ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനശോചനം അറിയിക്കുകയും ചെയ്തു.
പഹൽഗാം ആക്രമണത്തിനു ശേഷമുള്ള സാഹചര്യമാണ് ഫോൺ സംഭാഷണത്തിൽ ചർച്ചയായത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടികൾക്ക് പൂർണ പിന്തുണയെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അറിയിച്ചു.
അതേസമയം ഇന്ത്യപാകിസ്ഥാൻ ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തർ നേരത്തെ രംഗത്തെത്തിയിരുന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും നിലവിലെ സാഹചര്യങ്ങളും നയതന്ത്രത്തിലൂടെ അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഇരനേതാക്കളും ചർച്ച നടത്തി.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു



