മോസ്കോ: യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംഘർഷം ഒത്തുതീർപ്പ് ആക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ മെയ് 15 ന് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താൻ റഷ്യ നിർദ്ദേശിക്കുകയാണെന്ന് പുടിൻ പറഞ്ഞു. ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായി സംസാരിക്കും. ഇത് വെടിനിർത്തലിലേക്ക് നയിച്ചേക്കാമെന്നും പുടിൻ കൂട്ടിച്ചേർത്തു. പുടിന്റെ നിർദ്ദേശത്തോട് യുക്രെയ്ൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെ സമ്മതം അറിയിച്ചിരുന്നു. പക്ഷേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം നിലനിന്നപ്പോഴും സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യ സമ്മതം അറിയിച്ചിരുന്നില്ല. കൂടാതെ വെടിനിർത്തൽ കരാറിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഇന്നലെ കീവിൽ എത്തിയിരുന്നു. യുക്രെയ്നെ പിന്തുണച്ച് കൊണ്ടായിരുന്നു നേതാക്കളുടെ സന്ദർശനം.



