ഡൽഹി: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എം.പി. അടിയന്തരാവസ്ഥയിൽ ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി തരൂരിന്‍റെ ലേഖനം. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ലെന്നും തരൂരിന്‍റെ വിമർശനം. പ്രൊജക്ട് സിൻഡിക്കേറ്റ് എന്ന ഇംഗ്ലീഷ് മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. ഗ്രാമപ്രദേശങ്ങളെയും ദരിദ്രരെയുമാണ് സഞ്ജയ് ഉന്നം വച്ചത്. അവിടെ ഏകപക്ഷീയമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗര കേന്ദ്രങ്ങളിൽ നടപ്പിലാക്കിയ ചേരി പൊളിക്കൽ ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.



