തൃശൂര്‍: സിപിഎം ഒരു ക്രിമിനല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസിന് എതിരെയാണ് കാസര്‍കോട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്. അതിനു പിന്നാലെ മണ്ണാര്‍ക്കാട് അഷ്‌റഫിന് എതിരെയും മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദിന് എതിരെയും ഇതേ മുദ്രാവാക്യം വിളിച്ചു. സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെയും അവര്‍ ഇതേ മുദ്രാവാക്യം വിളിച്ചു.
രണ്ടു കാലില്‍ നടക്കില്ലെന്ന് പ്രസംഗിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ്. നേരത്തെ എഐഎസ്എഫിലെ ദളിത് വനിതാ നേതാവിനെ ക്രൂരമായി ആക്രമിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നേതാവിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഇതുപോലുള്ള ക്രിമിനല്‍ സംഘങ്ങളാണ്. ആരെയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്? ആരെയും ഭയപ്പെടുത്താന്‍ വരേണ്ട. സിപിഎം നേതാക്കള്‍ ഈ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഎമ്മിന്റെ തകര്‍ച്ചയിലേക്ക് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ് എന്നും സതീശൻ.



