പത്തനംതിട്ട : ഭാര്യാമാതാവിനെ വീട്ടിൽ കയറി മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചുകൊന്ന യുവാവിനെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, തുടർന്ന് 14 ദിവസത്തേക്ക് കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയിൽ കണ്ണനെന്ന എൻ എസ് സുനിൽ (39) ആണ് റിമാൻഡിലായത്.ഇയാളുടെ ഭാര്യാമാതാവ് വെച്ചൂച്ചിറ ചാത്തൻ തറ അഴുത കോളനിയിൽ കിടാരത്തിൽ വീട്ടിൽ ഉഷാമണി( 54)യാണ് മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വെച്ചൂച്ചിറ പോലീസ് ഉഷയുടെ വീടിന്റെ സമീപം റോഡിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭർത്താവാണ് സുനിൽ. ഉച്ചക്ക് 2.30 ഓടെ ഉഷയുടെ വീട്ടിലെത്തിയ ഇയാൾ, ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും,സിറ്റൗട്ടിൽ വച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തു. മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയെ പിന്നാലെ എത്തി മുറ്റത്തുകിടന്ന മൺവെട്ടി എടുത്ത് പലപ്രാവശ്യം തലയിൽ ശക്തിയായി അടിച്ചു, തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്നു ഇവർ തൽക്ഷണം മരണപ്പെട്ടു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും, അവിടെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയതെളിവുകൾ ശേഖരിച്ചിരുന്നു.
വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവാവ് റിമാൻഡിൽ
RELATED ARTICLES



