കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചക്കായി യെമനിലേക്ക് പോകാൻ യാത്രാനുമതി തേടി ആക്ഷൻ കൗൺസിൽ. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അനുമതി തേടി കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്.
ആക്ഷൻ കൗൺസിലിലെ മൂന്ന് പേർ, മർക്കസിൽ നിന്ന് രണ്ട് പ്രതിനിധികൾ എന്നിവർക്ക് യാത്രാനുമതി നൽകണമെന്നാണ് ആവശ്യം. മധ്യസ്ഥ ചർച്ചക്ക് കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യമനിലേക്ക് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിലാണ് ആക്ഷൻ കൗൺസിലിന്റെ കത്ത്.
ബുധനാഴ്ച യമൻ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. അവസാന നിമിഷം നടത്തിയ ചർച്ചകളിലൂടെയാണ് വധശിക്ഷ തൽക്കാലം മാറ്റിവെക്കപ്പെട്ടത്.



