, റിയാദ്: രാജ്യത്തെ പ്രവാസികൾക്കിടയിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യൻ അധികൃതർ. പ്രവാസി സമൂഹത്തിന് ഇടയിൽ നടത്തിയ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഒരാഴ്ച നീണ്ട വ്യാപക പരിശോധനയിൽ 22500 പേർ അറസ്റ്റിലായെന്നാണ് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചിരിക്കുന്നത്.13800 പേർ താമസ നിയമങ്ങൾ ലംഘിച്ചതിനും 5200 പേർ അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾക്കും 3400 പേർ തൊഴിൽ നിയമലംഘനങ്ങൾക്കുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1687 പേരും പിടിയിലായിട്ടുണ്ട്. ഇവരിൽ 61 ശതമാനം എത്യോപ്യൻ പൗരന്മാരും 38 ശതമാനം യെമനികളും 1 ശതമാനം മറ്റ് ദേശീയതക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 40 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകരെ വാഹനത്തിൽ കൊണ്ടുപോകുക, ജോലി നൽകുക, അല്ലെങ്കിൽ താമസസൗകര്യം ഒരുക്കുക എന്നിവയിൽ ഏർപ്പെട്ട 15 പേരും പിടിയിലായി.നിലവിൽ 18300 പേർക്കെതിരേയും നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 15700 പുരുഷന്മാരും 2500 സ്ത്രീകളുമാണ്. 11000 പേർ ഇതിനോടകം നാടുകടത്തപ്പെട്ടു. മറ്റൊരു 11000 പേർ യാത്രാ രേഖകൾക്കായി നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യപ്പെട്ടു, 3200 പേർ യാത്രാ ക്രമീകരണങ്ങൾക്കായി കാത്തിരിക്കുകയാണ്.നിയമലംഘകർക്ക് പ്രവേശനം, തൊഴിൽ, അല്ലെങ്കിൽ താമസം ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം റിയാൽ വരെ പിഴ, വാഹനങ്ങളോ സ്വത്തുക്കളോ കണ്ടുകെട്ടൽ, കുറ്റവാളികളുടെ പേര് പരസ്യപ്പെടുത്തൽ എന്നിവ ശിക്ഷയായി ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ എമർജൻസി ഹോട്ട്‌ലൈനുകളിലും ബന്ധപ്പെടാം.
പ്രവാസികൾക്കിടയിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യൻ അധികൃതർ, 22500 പേർ അറസ്റ്റിൽ
RELATED ARTICLES



