പട്ന : ലോക്സഭ തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും അവകാശവാദത്തെ തള്ളി രാഹുൽ ഗാന്ധി. ബിജെപി 400 പോയിട്ട് 150 സീറ്റ് പോലും തികയ്ക്കില്ലെന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. ബീഹാറിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചത്. ആർഎസ്എസ് അജണ്ടയുള്ള ബിജെപി രാജ്യത്തിന്റെ ഭരണഘടന തകർക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
ഭഗൽപൂരിലെ കോൺഗ്രസ് സ്ഥാനാർഥി അജിത് ശർമയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധി സംസാരിച്ചത്.” ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസും ഇൻഡ്യ മുന്നണിയും പോരാടുമ്പോൾ മറുവശത്ത് ജനാധിപത്യം തകർക്കാനുള്ള ഗൂഢപദ്ധതിയിലാണ് ആർഎസ്എസും ബിജെപിയും. ഈ ഗൂഢപദ്ധതിയെ ജനം ഇത്തവണ ബാലറ്റിലൂടെ നേരിടും.” രാഹുൽ പറഞ്ഞു.
രാഷ്ട്രീയ ജനതാദൾ നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരും വേദിയിലുണ്ടായിരുന്നു. നിതീഷ് കുമാറിന്റെ അധികാര കൊതിയ്ക്ക് ജനം നൽകുന്ന മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് തേജസ്വി യാദവ് പറഞ്ഞു. ഏപ്രിൽ 26 ന് രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.