ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനി. മൊത്തം ആസ്തിയില്‍ 5.74 ബില്യണ്‍ ഡോളര്‍ ( 5.03 ലക്ഷം കോടി രൂപ) വര്‍ധന ഉണ്ടായതോടെയാണ് പട്ടികയിലേക്ക് തിരിച്ചെത്തിയത്. ബ്ലൂംബര്‍ഗ് ബില്യണിയേഴ്‌സ് ഇന്‍ഡെക്‌സിന്റെ കണക്ക് പ്രകാരം 79.7 ബില്യണ്‍ ഡോളറാണ് ( ഏകദേശം 6.98 ലക്ഷം കോടി രൂപ) അദാനിയുടെ മൊത്തം ആസ്തി.
ആഗോളവിപണിയില്‍ തിങ്കളാഴ്ച ഏറ്റവും നേട്ടം കൊയ്ത വ്യവസായികളിലൊരാളാണ് അദാനി. ടെസ്ലയ്ക്കും സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിനും തൊട്ടുപിന്നില്‍ നിലയുറപ്പിക്കാന്‍ അദാനിയ്ക്കായി. 6.69 ബില്യണ്‍ ഡോളറാണ് ( ഏകദേശം 58607 കോടി രൂപ) മസ്‌കിന്റെ നേട്ടം. ഇതോടെ മസ്‌കിന്റെ മൊത്തം ആസ്തി 378 ബില്യണ്‍ ഡോളറായി ( ഏകദേശം 33.11 ലക്ഷം കോടി രൂപ). പട്ടികയില്‍ പ്രഥമസ്ഥാനം മസ്‌കിനാണ്.



