പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് പൊള്ളാച്ചി പാതയിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച നഫീസത്ത് മിസ്രിയ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതോടെ പിന്നിലുണ്ടായിരുന്ന സ്‌കൂട്ടർ മറിയുകയായിരുന്നു. ഇതോടെ തൊട്ടുപിന്നാലെയെത്തിയ സ്വകാര്യ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ പിതാവ് കുട്ടിയെ എടുത്ത് തൊട്ടുസമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ നൽകാനുള്ള സൗകര്യമുണ്ടായിരുന്നില്ല.മുന്നിലെ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബൈക്ക് മറിഞ്ഞപ്പോൾ കുട്ടി റോഡിന്റെ വലതു വശത്തേക്ക് വീണു. പിറകെ വന്ന ബസിന്റെ ടയർ കുട്ടിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. അപകടത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. റോഡിലെ ശോച്യാവസ്ഥയെ തുടർന്ന് നിരവധി അപകടങ്ങളാണ് തുടർക്കഥയാകുന്നതെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു
RELATED ARTICLES



