റിയാദ്: സൗദിയിൽ രണ്ട് വ്യത്യസ്ത കേസുകളിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനെ വെടിവെച്ച് കൊന്ന കേസിൽ സ്വദേശിയുടെയും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ വിദേശിയുടെയുമാണ് വധശിക്ഷ നടപ്പാക്കിയത്. മക്കയിലും അൽജൗഫിലുമായാണ് ശിക്ഷ നടപ്പാക്കിയത്. രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. സൗദി പൗരനായ ആയിഷ് ബിൻ മലൂഹ് അൽഅൻസിയെ വെടിവച്ചു കൊന്ന കേസിൽ സ്വദേശി പൗരനായ മംദൂഹ് ബിൻ ജാമിഅ ബിൻ ഫാലിജ് അൽസാലിഹിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. അൽജൗഫ് ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്.ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ ശരിവെച്ചാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഇത് പിന്നീട് മേൽകോടതികളും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തേക്ക് മാരക ലഹരി വസ്തുവായ ഹെറോയിൻ കടത്തിയ കേസിൽ അഫ്ഗാൻ സ്വദേശിയായ ഗുലാം റസൂൽ ഫഖീറിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. മക്കാ ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്.പ്രതിക്ക് കേസിന്റെ തുടക്കത്തിൽ തന്നെ വിചാരണ കോടതിയും പിന്നീട് പരമോന്നത കോടതിയും വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ നിരപരാധികളെ ആക്രമിക്കുന്നവർക്കും രക്തം ചിന്തുന്നവർക്കും ജീവനും സുരക്ഷയ്ക്കുമുള്ള അവകാശം ലംഘിക്കുന്നവർക്കും രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



