പാലക്കാട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണന്റെ അഭിപ്രായം. മറ്റു പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കോൺഗ്രസിന് കഴിയണം. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുലിലൂടെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എംഎൽഎ സ്ഥാനം രാജിവെച്ച് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് കോൺഗ്രസിനും ഈ രാജ്യത്തിനും ആവശ്യമെന്നും വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.അതേസമയം, പാലക്കാട് നഗരത്തിൽ രാഹുലിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മകമായി രാഹുലിനെ ബിജെപി വനിതാ പ്രവർത്തകർ ചങ്ങലയ്ക്കിട്ട് വലിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ, വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിലും രംഗത്തെത്തി. ഖദർ ഒരു ‘ റശരെശുഹശില’ ആണെന്ന തലക്കെട്ടോടെ ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വിൽപന ഓർമപ്പെടുത്തിയാണ് പോസ്റ്റ്. പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ അജയ് തറയിൽ വിമർശിച്ചിരുന്നു. ഈ വിമർശനത്തിന്റെ പേരിൽ അജയ് തറയിൽ സൈബർ ആക്രമണത്തിന് വിധേയനായിരുന്നു.അതേസമയം, രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായമാണുള്ളത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോൾ കോൺഗ്രസിൽ പ്രശ്‌നം രൂക്ഷമാകുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്‌തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എംപി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും
RELATED ARTICLES



