ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷനുമായും പ്രൊമോട്ടർ അനിൽ അംബാനിയുമായും ബന്ധപ്പെട്ട സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. വാർത്ത ഏജൻസിയായ പി.ടി.ഐയാണ് പരിശോധന സംബന്ധിച്ച റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച അതിരാവിലെ ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘമാണ് മുംബൈയിലെ വീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡ് സമയത്ത് അനിൽ അംബാനിയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് രണ്ടായിരം കോടി നഷ്ടമായെന്ന കേസിലാണ് പരിശോധന. അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ നേരത്തെ ഇ.ഡിയും റെയ്ഡ് നടത്തിയിരുന്നു.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ അനിൽ അംബാനി നടത്തിയ 17,000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വിവിധ അന്വേഷണ, റെഗുലേറ്റിങ് ഏജൻസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന അന്ന് നടന്നത്. നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിനായി ഇ.ഡി തേടിയിട്ടുണ്ട്.



