തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല . എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പാര്‍ട്ടി നേതൃത്വം എത്തിയത്.കോണ്‍ഗ്രസിനെ കടുത്ത ക്ഷതമേൽപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇനി ടീമിൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് എടുത്ത കടുത്ത നിലപാട്. എംഎഎൽ സ്ഥാനം രാജിവച്ചേ മതിയാകൂവെന്ന് വനിതാ നേതാക്കളുടെ പരസ്യ നിലപാട്. എത്രയും വേഗം രാജിവയ്പിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യം . രാജിക്കായി മുറവിളി ഉയര്‍ന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമെന്ന് നിയമോപദേശം കെപിസിസി ക്ക് കിട്ടി. അങ്ങനെയെങ്കിൽ കളത്തിൽ ഇറങ്ങാൻ പോലുമാകില്ലെന്നും ബിജെപി ജയിക്കുമെന്നും നേതൃത്വം ഭയന്നു. ഈ സാഹചര്യം രാജി ആവശ്യപ്പെട്ട നേതാക്കള്‍ക്കും ബോധ്യപ്പെട്ടു. എന്നാൽ ഗുരുതര സാഹചര്യം നേരിടാൻ ഇപ്പോള്‍ എടുക്കാവുന്ന കടുത്ത നടപടി വേണമെന്ന് ധാരണയിലെത്തി. രാജി വേണ്ടെന്ന് വാദിച്ചവരും പാര്‍ട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ എന്ന തീരുമാനത്തോട് യോജിച്ചു. രാജി ആവശ്യപ്പെടുന്ന എതിരാളികളോട് സമാന ആരോപണങ്ങളിൽ അവര്‍ കൈക്കൊണ്ട സമീപനം പറഞ്ഞ് നേരിടുകയാണ് കോണ്‍ഗ്രസ്.



