കൊച്ചി: കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതിക്കാരൻ ബാറിൽ വെച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തി എന്നും ലക്ഷ്മി ആർ മേനോൻ ഹർജിയിൽ പറുയുന്നു. ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും പരാതിക്കാരൻ മറ്റൊരു കാറിൽ പിന്തുടർന്ന് തടഞ്ഞു. പരാതിക്കാരൻ ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി ആർ മേനോൻ ആരോപിച്ചു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരൻ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ലക്ഷ്മി ആർ മേനോൻ പറയുന്നു.



