കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഇളക്കിയെടുത്തതിൽ ഹൈക്കോടതിയ്ക്ക് അതൃപ്തി. അനുമതിയില്ലാതെ സ്വർണം പൂശിയ പാളികൾ ഇളക്കിയെടുത്തത് അനുചിതമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ എല്ലാ അറ്റകുറ്റപ്പണികൾക്കും മുൻപായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണം എന്നാണ് നിർദേശം.ഇത് പാലിക്കാതെയുള്ള നടപടിയിൽ ആണ് ഹൈക്കോടതി വിമർശനം നടത്തിയത്. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ജസ്റ്റിസ് ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ടിലാണ് ദേവസ്വം ബെഞ്ചിന്റെ വിമർശനം. ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങുന്നതിന് മതിയായ സമയമുണ്ടായിരുന്നു എന്നിരിക്കെ അനുമതി വാങ്ങാതെ ഇപ്രകാരം ചെയ്തത് ശരിയായില്ല എന്ന് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചു.ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത ദിവസം ദേവസ്വം ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതേസമയം ശബരിമല തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് സ്വർണ പാളികൾ കൊണ്ടുപോയത് എന്നാണ് ദേവസ്വം വിശദീകരണം. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ശേഷമായിരുന്നു പാളികൾ ഇളക്കിയത്.
ശബരിമല ക്ഷേത്രത്തിന്റെ ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഇളക്കിയെടുത്തതിൽ ഹൈക്കോടതിയ്ക്ക് അതൃപ്തി
RELATED ARTICLES



