ദോഹ: അടിയന്തര അറബ് – ഇസ്‌ലാമിക് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ഞായറാഴ്ച ദോഹയിൽ ചേർന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറബ് ലീഗിലെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെയും (ഒഐസി) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും മറ്റു ഉന്നതരും പങ്കെടുത്തു.മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തിൽ രൂപം നൽകിയ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടി അവലോകനം ചെയ്യും. സെപ്റ്റംബർ 9 ന് ഹമാസ് നേതാക്കളുടെ താമസ സ്ഥലമായ കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെയുള്ള നിലപാട് ഉച്ചകോടി കൈക്കൊള്ളും. ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സേന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖത്തറിനുള്ള വിശാലമായ ഐക്യദാർഢ്യം കൂടിയായിരിക്കും ഉച്ചകോടി. അന്താരാഷ്ട്ര തലത്തിൽ വളരെയേറെ ശ്രദ്ധേയമാകുന്ന ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ ദേശീയ-അന്തർ ദേശീയ മാധ്യമ സ്ഥാപനങ്ങളിലെയും വാർത്താ ഏജൻസികളിലെയും 200 ലേറെ മാധ്യമ പ്രവർത്തകർ ദോഹയിലെത്തിയിട്ടുണ്ട്.



