കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്തെ ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരെ പാക് സേന വധിച്ചു. പാക് താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിൽ മൂന്ന് പൊലീസുകാരും പ്രദേശവാസിയും കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് ആസ്ഥാനം കറാച്ചി പൊലീസ് തിരിച്ചുപിടിച്ചത്.
വെള്ളിയാഴ്ച രാത്രി 7.10 നായിരുന്നു പാകിസ്താനെ നടുക്കിക്കൊണ്ട് കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം. ഷെരിയാ ഫൈസൽ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരർ ഗ്രാനേഡ് ആക്രമണം നടത്തുകയും വെടിയുതിർക്കുകയും ചെയ്തു. അക്രമികൾ കറാച്ചി പൊലീസിന്റെ യൂണിഫോം ധരിച്ചാണ് എത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പാകിസ്താൻ റേഞ്ചേഴ്‌സ് നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ദക്ഷിണ വിഭാഗം ഡിഐജി ഇർഫാൻ ബലോച്ച് പറഞ്ഞു.
3 പൊലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിന് ശേഷം സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്തതായി ഇർഫാൻ ബലോച്ച് വ്യക്തമാക്കി. നവംബറിൽ പാക് താലിബാൻ വെടി നിർത്തൽ കരാർ അവസാനിപ്പിച്ചശേ ഷം നിരവധി ആക്രമണമാണ് രാജ്യത്തുണ്ടായത്.