ദേവികുളം മണ്ഡലത്തിലെ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രിംകോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്ന് കെ.സുധാകരന്‍ കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. (By-elections should be held in Devikulam says K Sudhakaran)
സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.
എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഡി കുമാറിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.