ന്യൂഡൽഹി: ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിത ഡോക്ടറുടെ കൊലപാതകത്തിൽ ഡോക്ടർമാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പ്രതിഷേധമാണ് അവസാനിപ്പിച്ചത്. 11 ദിവസം നീണ്ടുനിന്ന പ്രതിഷേധം സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് അവസാനിപ്പിച്ചത്.
ഡോക്ടർമാരും സംഘടനകളും പ്രതിഷേധം തുടർന്നാൽ ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നും പ്രതിഷേധം അവസാനിപ്പിച്ച് ഡോക്ടർമാർ ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് ജോലിയിൽ തിരികെ കയറുന്നവർക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് മുഴുവൻ ഡോക്ടർമാരും ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കും. ചികിത്സക്കെത്തുന്നവരെ സമരം ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് നടപടി. വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ട് പോകുമെന്ന് ഡോക്ടർമാർ അറിയിച്ചു. കൊൽക്കത്തയിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് കൊൽക്കത്തയിലെ ഡോക്ടർമാരുടെ തീരുമാനം.