വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഉദ്ഘാടനം മാർച്ച് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ രണ്ടാം നിലയിലാണ് എൻ.ഐ.എഫ്.എൽ പ്രവർത്തനം തുടങ്ങുന്നത്. വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ നഗരങ്ങളിലും സമീപ ഭാവിയിൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
ഇംഗീഷ് ഭാഷയില്‍ ഒ.ഇ.റ്റി(O.E.T- Occupational English Test), ഐ.ഇ.എല്‍.ടി.എസ്(I.E.L.T.S-International English Language Testing System), ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ പഠിപ്പിക്കുക. സൈക്കാട്രിസ്റ്, ഫിസിയോതെറാപിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്സസ്, ജനറൽ നഴ്സസ്, ഫർമസിസ്റ്, ഡൈറ്റിഷ്യൻ, സ്പീച് തെറാപ്പിസ്റ്റ് തുടങ്ങി പത്തോളം ആരോഗ്യ മേഖലയിലുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ബിപിൽ വിഭാഗത്തിനും എസ് സി ,എസ് ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എപിൽ വിഭാഗങ്ങൾക്ക് 25 ശതമാനം മാത്രം ഫീസ് അടച്ചാൽ മതിയാകും. യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. പുതുതായി സജ്ജീകരിച്ചിരിക്കുന്ന വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന വിദേശത്തു തൊഴിൽ ലഭ്യമാവുന്നതിനു ആവശ്യമായ കഴിവുകൾ മൂർച്ച കൂട്ടുന്നതിനുള്ള മികച്ച അവസരമാണിത്. വിജയകരമായി കോഴ്സ് പൂർത്ഥിയാക്കുന്ന ഉദ്യോഗാർഥികൾക്ക് നോർക്ക റൂട്സ് മുഖേന വിദേശത്ത് തൊഴിൽ നേടാൻ അവസരവുമുണ്ട്.