മസ്കത്ത്: ഒമാനിൽ നാളെ മുതൽ താപനിലയിൽ വീണ്ടും വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമായും ഒമാൻ കടലിനോട് ചേർന്നുള്ള തീരദേശ ഗവർണറേറ്റുകളിലാണ് താപനിലയിൽ ഗണ്യമായ വർധനവുണ്ടാവുക. താപനില ഉയരുന്നതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദിമ വതാഈനിൽ ആണ്. 47.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ചൂട്. ഹംറ അദ് ദുരുവിലും സമാനമായ ചൂടാണ് അനുഭവപ്പെട്ടത്. സുനൈന, റുസ്താഖ്, ബുറൈമി തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും 45 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് രേപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ പലയിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് അടുത്തായിരുന്നു ചൂട്. കഴിഞ്ഞ ശനിയാഴ്ച സുനൈനയിൽ 48.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മഖ്‌ഷിൻ, ഹംറ അദ് ദുരു, ഹൈമ എന്നിവിടങ്ങളിൽ 48 ഡിഗ്രി സെൽഷ്യസുമായിരുന്നു. ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനിലയായ 48.6 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടത് വെള്ളിയാഴ്ച മഖ്‌ഷിനിൽ ആയിരുന്നു. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ പൗരന്മാരും താമസക്കാരും പുറത്തെ ജോലികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.



