ഒമാനില്‍ വിദേശികള്‍ക്ക് പൗരത്വം നേടുന്നതിന് പുതിയ വ്യവസ്ഥകൾ ഇറക്കി ഭരണകൂടം. കുറഞ്ഞത് 15 വര്‍ഷം തുടര്‍ച്ചയായുളള രാജ്യത്തെ താമസം, അറബി ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികള്‍ക്ക് പൗരത്വം ലഭിക്കാന്‍ അനിവാര്യമാണ്. പൗരത്വം നേടാനും പിന്‍വലിക്കാനുമുള്ള ഫീസും പ്രഖ്യാപിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഒമാനി ദേശീയത അംഗീകരിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഒമാനി എംബസികള്‍ക്ക് സമര്‍പ്പിക്കാം.
അപേക്ഷകര്‍ അറിയിപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍, രേഖാമൂലമുള്ള അഭ്യര്‍ത്ഥനയും മന്ത്രാലയത്തിന്റെ അംഗീകാരവും നല്‍കിയാല്‍ ഇത് നീട്ടാവുന്നതുമാണ്. ഒമാനില്‍ നിയമപരമായി തുടര്‍ച്ചയായി 15 വര്‍ഷം താമസിച്ചതിന്റെ രേഖ പാസ്‌പോര്‍ട്ട് ഡാറ്റയിലൂടെയോ മന്ത്രാലയം അംഗീകരിച്ച മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ തെളിയിക്കണം.
അപേക്ഷകര്‍ സാധുവായ പെരുമാറ്റ സര്‍ട്ടിഫിക്കറ്റും ക്രമിനല്‍ പശ്ചാത്തലം ഇല്ലാത്തതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ആഭ്യന്തര വകുപ്പ് നടത്തുന്ന ഒരു എഴുത്ത് പരീക്ഷയോ വാക്കാലുള്ള അഭിമുഖമോ വിജയിച്ചുകൊണ്ട് അറബി ഭാഷയിലെ പ്രാവീണ്യവും തെളിയിക്കണം. ഒരു തവണ പരാചയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും പരീക്ഷയില്‍ പങ്കെടുക്കാനാകും. ഒമാനി പൗരത്വം ലഭിച്ച ഓരോ വിദേശിയും സുല്‍ത്താനേറ്റിനോട് വിശ്വസ്തത പുലര്‍ത്തുമെന്നും നിയമങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയെ ബഹുമാനിക്കുമെന്നും കോടതി മുമ്പാകെ സത്യം ചെയ്യണമെന്നും നിയമത്തില്‍ പറയുന്നു.



